കണ്ണൂർ: കണ്ണൂരിന്റെ ഗ്രാസ്റൂട്ട് ഫുട്ബോള്‍ വികസനം ലക്ഷ്യമിട്ട് സൂപ്പര്‍ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. ജില്ലയിലെ വളര്‍ന്നുവരുന്ന യുവ ഫുട്ബോള്‍ താരങ്ങള്‍ക്ക് പ്രഫഷണല്‍ രീതിയില്‍ പരിശീലനം ഒരുക്കാൻ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ അക്കാദമി തയാർ. 10 മുതല്‍ 15 വരെ വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം. ആഴ്ചയില്‍ രണ്ടുദിവസം പരിശീലനം ലഭിക്കുന്ന ഫ്യൂച്ചര്‍ വാരിയേഴ്സ് വിഭാഗവും മൂന്നുദിവസം പരിശീലനം നല്കുന്ന ഡവലപ്മെന്റ് ബാച്ചും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പഠനത്തെ ബാധിക്കാതെ പ്രായത്തിനും കഴിവിനും അനുയോജ്യമായ പരിശീലന പരിപാടികളാണ് ഓരോ ബാച്ചിനും തയാറാക്കിയിരിക്കുന്നത്.
അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ജഴ്സി, ഷോര്‍ട്സ്, സ്റ്റോക്കിംഗ്സ്, അക്കാഡമി ബാഗ്, വാട്ടര്‍ ബോട്ടില്‍, പ്ലെയര്‍ ഐഡി കാര്‍ഡ്, എഐഎഫ്എഫ് പ്ലെയര്‍ രജിസ്ട്രേഷന് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. അതോടൊപ്പം, ക്രമബദ്ധമായ പരിശീലന പാഠ്യപദ്ധതി, സ്ഥിരമായ പ്രകടന വിലയിരുത്തലുകള്‍, സമഗ്ര വ്യക്തിത്വ വികസന പരിശീലനം എന്നിവയും അക്കാദമിയുടെ പ്രത്യേകതകളാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ കണ്ണൂര്‍ വാരിയേഴ്സ് യുവ ടീമുകളിലേക്ക് അവസരം ലഭിക്കും.
പയ്യന്നൂര്‍, പഴയങ്ങാടി (9995577638), തളിപ്പറമ്പ്, ആന്തൂര്‍ (9995577649), കണ്ണൂര്‍, മുണ്ടേരി (9995577601), തലശേരി, പിണറായി (9995577616) എന്നീ കേന്ദ്രങ്ങളിലായിരിക്കും അക്കാദമി പ്രവര്‍ത്തിക്കുക. ഇതിലൂടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പ്രദേശത്തിന് സമീപം തന്നെ നിലവാരമുള്ള പരിശീലനം ലഭ്യമാക്കും. നേരത്തെ കണ്ണൂര്‍ വാരിയേഴ്സ് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.